Friday, October 10, 2008

ഹെരോടോട്ടസ്, അങ്ങെന്താണ് കണ്ടത് ?

മൈക്കല്‍ ഒണ്ടാചെയുടെ ഇംഗ്ളീഷ് പേഷ്യന്റ്റ്
----------------------------------------------------------------------



ദൈവമേ, അളമാഷിയെ എനിക്കറിയില്ല. ദൈവമേ ഞാനവനു കാവലാളല്ല. ഞാനിതെഴുതുന്നില്ല, പക്ഷെ....

ഹെരാക്ളിട്ടസിന്റ്റെ പുഴകള്‍ മരുഭൂമികളിലൂടെ, കാലത്തിന്റ്റെ പ്രേതങ്ങളായി മരിച്ചൂപോയവരെയും, മരിച്ചുകൊണ്ടിരിക്കുന്നവരെയും ഒരു പോലെ തഴുകി, തഴുകപ്പെട്ടു നിഗൂഢതകളിലേക്കൊഴുകുംബോള്‍ , അതിന്റ്റെ ആഴം ഭയപ്പെടുത്തുന്ന ഒരു ശലഭമായി ഈ പുസ്തകത്താളില്‍ വന്നിരിക്കുകയും, കടന്നുവന്ന പുഴകളും അവ കടന്നുപോയ വഴികളും ചിറകില്‍ തെളിഞ്ഞു വരികയും ചെയ്യുന്നു.



തകര്‍ന്നു പോയ വിമാനത്തില്‍ നിന്നു അടര്‍ന്നു വീണ ചോക്കളേററു ക്രീം പോലെ, കൌണ്ട് ലാടിസ്ലാവ് ഡേ അളമാഷി, മരുഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചു വാതോരാതെ പറയുംബോള്‍ , ഓര്‍ക്കുന്നു, മിടിക്കുന്ന ഹൃദയം തകര്‍ന്ന അസ്ഥികള്‍ കൊണ്ടു പൊതിഞ്ഞ ഒരു സ്ത്രീ ശരീരം മരുഭൂമിയിലെ ഏതോ മാളത്തില്‍, ഗുഹാചിത്രങ്ങളിലെ പ്രാകൃത ലിപികളായി, കടന്നു പോയ കാലങ്ങളുടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ചോക്കെഴുത്തുപോലെ പതിയെ, കാറ്റില്‍ മാഞ്ഞുപോകുംബോള്‍, ലാടിസ്ലാവ് ഡേ അളമാഷി മരണത്തെ
മണല്‍പ്പരപ്പിലൂടെ തെളിച്ചുകൊണ്ട് വെള്ളം തിരക്കി നടന്നു , ഒടുവില്‍ ഇംഗ്ള്ഷുകാരാല്‍ പിടിക്കപ്പെട്ട ഓസ്ട്രിയക്കാരനായി, പിന്നീട് രക്ഷപ്പെട്ടു വൈമാനികനായി മടങ്ങിയെത്തുംബോഴേക്കും , ഗുഹാചിത്രങ്ങള്‍ക്കിടയില് ഒരു അസ്ഥിപഞ്ജരം പ്രാകൃത ലിപികളായി കാത്തിരുന്നതും, അളമാഷിയുടെ കരയുന്ന കൈകളില്‍ പടര്‍ന്നു, കത്തുന്ന മേഘപാളികള്‍ക്കിടയിലൂടെ ജര്‍മ്മനിയുടെ പീരങ്കികള്‍ വെടിയുതിര്‍ത്തതും.....

ലോകമഹായുദ്ധം സഹാറന്‍ മരുഭൂമിയില്‍ കണ്ടെത്തിയ പച്ചപ്പുള്ള നര്‍മ്മം പോലെ അളമാഷിയുടെ പ്രണയം, മണല്ക്കാററിനുള്ളിലൂടെ, പറന്നു പോയ ക്രൂശിതരൂപം പോലെ, ഹെരോടോട്ടസ്സിന്റ്റെ ചരിത്രപുസ്തകത്തില്‍ പാപം ഒട്ടിച്ചു ചേറ്‍ത്ത കഥയായി മരുഭൂമിയില്‍ കത്തിയമരുന്നു.

ഹെരാക്ളിട്ടസ് അങ്ങ് പറയൂ , എന്താണ് എനിക്ക് വേണ്ടത് ? നല്ല കാലാവസ്ഥ, തൊപ്പി, കുട, വെയില് ഏല്ക്കാതിരിക്കാന്‍ ലോഷന്‍, ഏസീ . അങ്ങയുടെ പുഴകള്‍ എന്നോട് പറയുന്നു `കുഞ്ഞേ, നീ ഒരിക്കല്‍ പോലും ഇറങ്ങിയിട്ടില്ലിവിടെ. '


ഹെരോടോട്ടസ്സിന്റ്റെ പുസ്തകത്തില്‍ ഒട്ടിച്ചു ചേറ്‍ത്ത
കുറിപ്പുകളിലൂടെ, കൌണ്ട് ലാടിസ്ലാവ് ഡേ അലമാഷി വിമാനത്തില്‍ നിന്നു അടര്‍ന്നു വീണ തന്റ്റെ ജീവിതം വായിക്കുംബോള്‍ , അങ്ങയുടെ പോംപിയും സീസറും പിന്നെ ക്യാപ്റ്റന്‍ അഹാബും മിക്കി മൌസും ഒരു പുസ്തകച്ചട്ടയില്‍ പറ്റിപ്പിടിച്ച വെറും മണല്‍ത്തരികളായി ഒന്നും അല്ലാത്തതു പോലെ, ഹെരോടോട്ടസ്, അങ്ങെന്താണ് കണ്ടത് ?


അങ്ങ് എന്തെങ്ങിലും കണ്ടുവോ?




Tuesday, August 5, 2008